Wednesday, January 15, 2020

കുവൈറ്റിലെ പക്ഷിജീവിതം - BIRD LIFE IN KUWAIT

2014 -2015 കാലത്തു ഇ-ബേർഡ് ഉപയോഗിച്ചു തുടങ്ങിയ സമയത്താണ് പക്ഷി നിരീക്ഷണം ഗൗരവമായി എടുക്കാൻ തുടങ്ങിയത് , അതിനു മുൻപു ഉള്ളവ ഡയറിയിലെ ചില നോട്ടുകൾ ആയി മാത്രം ഒതുങ്ങിയിരുന്നു, അതിൽ നിന്നും വലിയ മാറ്റം വന്നത് ഈ കാലയളവിൽ കൈയിൽ കിട്ടിയ 35x സൂം ഉള്ള ക്യാമറയുടെ സഹായം ആയിരുന്നു. ഈ കാലയളവിൽ നാട്ടിൽ വരുമ്പോൾ മാത്രമായിരുന്നു കാര്യമായ പക്ഷി നിരീക്ഷണം. പിന്നീട് 2017ലാണ് കുവൈറ്റിൽ സ്ഥിരമായ പക്ഷിനിരീക്ഷണം നടത്താൻ തുടങ്ങിയത്. ആയിടക്കാണ് വെസ്റ്റേൺ പാലിയാർട്ടിക് മേഖലയിൽ കിടക്കുന്ന ഈ രാജ്യത്തിലൂടെയാണ് പക്ഷികളുടെ പ്രധാനമായ ദേശാടനം നടക്കുന്നത് എന്ന് വായിച്ചറിഞ്ഞത്.

കുവൈത്തിലെ പക്ഷി നീരീക്ഷണം

2017യിലെ വസന്തകാല ദേശാടനം ആണ് ഞാൻ കുവൈറ്റിൽ ആദ്യമായി ഗൗരപരമായി ബേർഡിങ് തുടങ്ങിയ സമയം. വളരെ ഏറെ ഒന്നും ദൂരേ പോകാതെ തന്നെ എന്റെ ഫ്ലാറ്റിന്റെ മുൻപിലും അടുത്ത് തന്നെയുള്ള ഒരു കൃഷിയിടത്തിലുമായി പതിവായി പോകുമായിരുന്നു. എന്നെ അതിശയിപ്പിച്ചുകൊണ്ടു കഴിഞ്ഞ 7 വർഷത്തിനിടക്ക് കണ്ടിട്ടില്ലാത്ത ഒട്ടനവധി പക്ഷികൾ കാണാൻ സാധിച്ചു, ഈ മരുഭൂമിയില്‍ പ്രാവും കുരുവിയും മാത്രമേ ഇവിടെ ഉള്ളൂ എന്ന എന്റെ കാഴ്ച്പ്പാട് മാറ്റിമറിച്ചു കൊണ്ട് മൂന്ന് നാല് മാസങ്ങൾ കൊണ്ട് അറുപതിൽ അധികം പക്ഷികളെ നിരീക്ഷിക്കാനും ചിത്രങ്ങൾ രേഖപ്പെടുത്താനും കഴിഞ്ഞു. ഇതിനിടയിൽ ആണ് മലയാളിയായ പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ സാജന്‍ രാജുവിനെ പരിചയപെടുന്നത് പിൽക്കാലത്തു കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ ഉള്ള പ്രധാന പക്ഷി നിരീക്ഷണ സ്ഥലങ്ങളിൽ ഒക്കെ തന്നെയും എനിക്ക് പരിചയപ്പെടുത്തി തന്നത് സാജനാണ്. 2017 ലെ ശരത്കാല സീസണിൽ തുടങ്ങി ഇന്നും ഞങ്ങൾ ഒരുമിച്ചാണ് മിക്ക അവധി ദിനങ്ങളിലും പക്ഷിനിരീക്ഷണത്തിനിറങ്ങുന്നത്. ഇന്ന് ഞാൻ ഇടക്ക് ഓണ്‍ലൈനില്‍ പങ്കു വെക്കുന്ന പക്ഷി ചിത്രങ്ങൾ കാണുമ്പോള്‍ കുവൈറ്റിൽ തന്നെയുള്ള സുഹൃത്തുക്കൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇതൊക്കെ കുവൈറ്റിൽ ഉണ്ടോ! എന്ന്. അതേ ഇവിടുത്തെ പക്ഷിവൈവിധ്യം ഇനിയും പൂർണമായി അറിയാൻ കഴിഞ്ഞിട്ടില്ല, അത്ര വിശാലമാണമാണത്.



Spring birding at Al abraq with Sajan Raju and Pradeep Choudhary

ദേശാടന സമയങ്ങൾ

17,818 sq km(6,880 sq mi) മാത്രം വിസ്തൃതി ഉള്ള ചെറിയ രാജ്യമാണ് കുവൈറ്റ്. എന്നാൽ ഭൂമിശാസ്ത്രപരമായി ഉള്ള ഇതിന്റെ സവിശേഷത കൊണ്ട് പ്രമുഖമായ പക്ഷികളുടെ രണ്ടു ദേശാടനപാത ഈ രാജ്യത്തിൽ കൂടെയാണ് കടന്നുപോകുന്നത്, മുഖ്യമായും രണ്ടു സീസണിൽ ആയാണ് ഇവിടെ ദേശാടന പക്ഷികൾ വിരുന്നു വരുന്നത് സെപ്റ്റംബർ മുതൽ മെയ് വരെ ഉള്ള ദേശാടനവും, വസന്തകാലത്തു ഇതേ പക്ഷികളുടെ സ്വന്തം വാസസ്ഥലേക്കുള്ള തിരിച്ചു പറക്കലും, കുറച്ചു പക്ഷികൾ ഒഴിച്ചുള്ളവ അവരുടെ ദേശാടന പാതയിലെ ഒരു വിശ്രമ കേന്ദ്രം ആയിട്ടാണ് കുവൈറ്റിനെ കാണുന്നത്, ചെറുതും വലുതുമായ റാപ്റ്ററുകൾ ആണ് ഇവയിൽ മുഖ്യം. മരുഭൂമിയിൽക്കൂടെയുള്ള ഇവയുടെ ദേശാടനമാണ് ഇവയിൽ വലുത്. യൂറോപ്പിൽ നിന്നും ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ആഫ്രിക്കയിലേക്കുള്ള ഇവരുടെ യാത്രയാണ് ഇതിൽ പ്രധാനം. ഇവയെ കൂടാതെ കുവൈറ്റിൽ കൂടെ ദേശാടന പാതയുള്ള പക്ഷികൾ ആണ് വീറ്റ്ഇയറുകൾ . ശരത്കാല ദേശാടന പക്ഷികളുടെ യാത്രയിൽ മിക്കവയും കുവൈറ്റിൽ ഇറങ്ങാതെ രാത്രി കാലങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ പോകുന്നതും പതിവാണ് ഇതിനു മുഖ്യ കാണണം ഈ സീസണിലെ ഇവിടുത്ത വരണ്ട ചൂടുള്ള കാലാവസ്ഥയാണ്. വസന്ത കാലത്തുള്ള തിരിച്ചു പോകുന്ന പക്ഷികൾ മിക്കവയും സ്വദേശത്തു ചെന്ന് പ്രജനനം നടത്താൻ ഉള്ള യാത്രയിൽ ആയതു കൊണ്ട് തന്നെ ഒരാഴ്ചയിൽ കൂടുതൽ കുവൈറ്റിൽ തങ്ങാറില്ല , മെയ് അവസാനത്തോട് കൂടി തന്നെ മിക്ക ദേശാടന പക്ഷികളും ഇവിടം വിട്ടു പോകുകയും ചെയ്യും.

കുവൈറ്റിലെ പക്ഷികൾ

2019 ൽ ഇത് വരെ 425 ഇനം പക്ഷികളെ ഇവിടെ രേഖപെടുത്തിയിട്ടുണ്ട്. ഇതിൽ ഒഫീഷ്യൽ ആയി അവസാനം രേഖപ്പെടുത്തിയ പക്ഷിയായ എലിയോ നോറാസ് ഫാൽക്കൺ ആണ്. ഇതിനെ കാണുന്നത് ഞാനും ലബനീസ് ബേഡർ ആയ ബാസ്സിലും ചേർന്നായിരുന്നു. (https://ebird.org/view/checklist/S46557438).

കുവൈറ്റിൽ തദ്ദേശീയരായ (Endemic) പക്ഷികളില്ല. എന്നാൽ ഇവിടെ പ്രജനനം നടത്തുന്ന അമ്പതിൽ അധികം പക്ഷികൾ ഉണ്ട്. അതിൽ പ്രാധാന്യം അർഹിക്കുന്ന പക്ഷിയാണ് ഞണ്ടുണ്ണി (Crab-plover) – ഇവയുടെ ഏഷ്യയിലെ തന്നെ വലിയ കോളനിയിൽ ഒന്നാണ് ഇവിടെ ഉള്ളത്.
വ്യത്യസ്തങ്ങൾ ആയ ആവാസ വ്യവസ്ഥകൾ
ഭൂവിസ്‌തൃതിയിൽ അധികവും അറേബിയൻ മരുപ്രദേശം ആണ് . എന്നിരുന്നാലും നാല് വ്യത്യസ്ത ആവാസ വ്യവസ്ഥ ഇവിടെ നിലകൊള്ളുന്നു .
അറേബിയൻ മരുഭൂമി – അതി തീക്ഷണമായ വേനൽ കാലം ഉള്ള രാജ്യമാണ് കുവൈറ്റ് , വേനലിൽ താപനില മിക്കപ്പോഴും 42 നും 50 നും ഇടയിൽ ഇടയിൽ ആയിരിക്കും ഏഷ്യയിലെ തന്നെ ഉയർന്ന താപനിലയായ 54.0 °C (129.2 °F) ഇവിടെ ആണ് രേഖപ്പെടുത്തിയത് . എന്നിരുന്നാലും കുവൈറ്റിലെ മരുഭൂമിയിൽ പ്രജനനം നടത്തുന്ന ഇരുപതിൽ അധികം പക്ഷികൾ ഉണ്ട് , വാനമ്പാടികൾ ആണ് ഇവയിൽ മിക്കതും .

ചതുപ്പു നിലങ്ങൾ – കടലിനോടു ചേർന്ന താഴ്ന്ന പ്രദേശങ്ങൾ ആണ് മറ്റൊരു ആവാസവ്യവസ്ഥ ഇവിടെങ്ങളിൽ ആണ് ജല പക്ഷികൾ പ്രജനനം നടത്തുന്നത് ഞണ്ടുണ്ണി ഇതിൽ പ്രമുഖ പക്ഷിയാണ് , ചിന്നമുണ്ടി തിരമുണ്ടി യൂറേഷ്യൻ ചട്ടുക്കകൊക്കൻ എന്നിവയും ഇതിൽ പെടും . പത്തിൽ അധികം പക്ഷികൾ ഇവിടെ പ്രജനനം നടത്തുന്നു.

ദ്വീപുകൾ – കരയിൽ നിന്നും അധികം അകലെ അല്ലാത്ത ഉള്ള ദ്വീപുകൾ ആണ് മറ്റൊരു പ്രധാന ആവാസവ്യവസ്ഥ ആൾതാമസമോ മറ്റു ജീവികളോ ഇല്ലാത്തതു കൊണ്ട് തന്നെ ഇവിടങ്ങളിൽ കടൽ പക്ഷികൾ സ്ഥിരമായി പ്രജനനം നടത്തുന്നു . കടൽ അളകൾ ആണ് ഇവയിൽ പ്രധാന പക്ഷികൾ . ഇതിൽ തന്നെ മുഴുവൻ സമയവും കടലിൽ തന്നെ ചിലവഴിക്കുന്ന തവിടൻ കടൽ ആളയും ഉണ്ട്.

മനുഷ്യനിർമിത കൃത്രിമ ചതുപ്പുകൾ – മലിനജലം ശുദ്ധീകരിച്ചു കടലിലേക്ക് ഒഴുകുന്ന സ്ഥലങ്ങളിൽ രൂപം കൊണ്ട കൃത്രിമ തടാകങ്ങളും റീഡ് ഇനത്തിൽ പെട്ട സസ്യങ്ങൾ നിറഞ്ഞ പ്രദേശവും ആണ് ഇത് ദേശാടന കാലത്തു പക്ഷികൾക്ക് സുരക്ഷിതമായി തങ്ങാൻ കഴിയുന്ന പ്രദേശങ്ങൾ ആണിവ , എന്തെന്നാൽ ഈ സ്ഥലങ്ങൾ വേലി കെട്ടി സംരക്ഷിച്ചിട്ടുള്ളതാണ് , ഇവിടെ പ്രവേശനവും  കൃത്യമായ രേഖകൾ ഹാജരാകുന്നവർക്ക് മാത്രമാണ് .

കുവൈറ്റ് എനിക്ക് സമ്മാനിച്ചത്, 250ഓളം ഇനം പക്ഷികളെയാണ് എനിക്ക് ഇവിടെ നിന്നും ഇതുവരെ അടയാളപ്പെടുത്താൻ സാധിച്ചത് ,ഭാവിയിൽ കൂടുതൽ ഇനങ്ങളെ കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷ ഉണ്ട് , കുവൈറ്റിലെ പക്ഷി വിശേഷങ്ങള്‍ ഇങ്ങനെ ഒരു ചെറിയ ലേഖനത്തിനു ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ് എന്നറിയാം. വിശദമായി പിന്നീടൊരിക്കൽ തീർച്ചയായും എഴുതാം.



Image – Unnis Clicks

No comments:

Post a Comment